ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വിജയമുറപ്പിച്ച് സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചുകൊണ്ട് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്.യെഡിയൂരപ്പ രംഗത്തെത്തി. ഫലം പ്രഖ്യാപിക്കുന്ന പതിനഞ്ചാം തീയതി തന്നെ ഞാൻ ഡൽഹിയിലേക്ക് പോകുകയും പ്രധാനമന്ത്രിയേയും മറ്റ് നേതാക്കളേയും സത്യപ്രതിജ്ഞയ്‌ക്ക് ക്ഷണിക്കുകയും ചെയ്യും. പതിനേഴിനായിരിക്കും സത്യപ്രതിജ്ഞയെന്നും യെഡിയൂരപ്പ പറഞ്ഞു.
കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി സിദ്ധാരാമയ്യയെയും കൊണ്ടു ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ മികച്ചൊരു ഭരണം കാഴ്‌ചവയ്‌ക്കുന്നതിന് എല്ലാവരും ബിജെപിക്കു തന്നെ വോട്ടു ചെയ്യണം. 224 അംഗ സഭയിൽ 145-150 സീറ്റുകൾ നേടിയായിരിക്കും ബിജെപി അധികാരത്തിൽ എത്തുക. മൂന്നു പ്രവശ്യം സംസ്ഥാനമൊട്ടാകെ താൻ പ്രചരണം നടത്തിയിരുന്നെന്നും വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നു നൂറുശതമാനം ഉറപ്പാണെന്നും വൈകിട്ട് എക്സിറ്റ് പോളുകൾ പറയുന്നതെന്താണെന്നു നോക്കണമെന്നും യെഡിയൂരപ്പ വെല്ലുവിളിച്ചു.
കർണാടകത്തിൽ 2008-ൽ ബിജെപി ആദ്യമായി അധികാരത്തിലേറിയപ്പോൾ യെഡിയൂരപ്പയായിരുന്നു മുഖ്യമന്ത്രി, അഴിമതി ആരോപണങ്ങളെത്തുടർന്ന് 2011-ൽ അദ്ദേഹം രാജിവയ്‌ക്കുകയും ചെയ്‌തു. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് പോളിങ്. ഇതിനുപിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങളുമെത്തും. 4.9 കോടി പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുക. ആറ് മേഖലകളിലായി 2654 സ്ഥാനാർത്ഥികളാണ് മത്സരിക്കുക. 2013-നേക്കാൾ 12 ശതമാനം അധികം വോട്ടർമാരാണ്. മെയ് 15-നാണ് വോട്ടെണ്ണൽ നടക്കുക.