കനയ്യ കുമാറിന്റെ ഫേസ്‌ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്

Webdunia
ഞായര്‍, 21 ഫെബ്രുവരി 2016 (18:24 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ഫേസ്‌ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രൊഫൈല്‍ ചിത്രത്തിലും കവര്‍ ചിത്രത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
 
സൈനികര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചിത്രമാണ് പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്.  രണ്ടാം ലോകയുദ്ധ കാലത്തെ ‘ഫ്ളാഗ് ആഫ്റ്റര്‍ ദ ബാറ്റില്‍ ഓഫ് ഇവോ ജിമ’ എന്ന പ്രശസ്ത ചിത്രത്തിലെ അമേരിക്കന്‍ പതാക ഫോട്ടോഷോപ്പിലൂടെ മാറ്റം വരുത്തി ഇന്ത്യന്‍ പതാകയാക്കിയാണ് കനയ്യയുടെ പ്രൊഫൈലില്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
 
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) ആസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന പ്രൊഫൈല്‍ ചിത്രവും ഹാക്കര്‍മാര്‍ മാറ്റിയിട്ടുണ്ട്. അതേസമയം സാഹചര്യം വഷളാക്കാന്‍ ബോധപൂര്‍വമായി നടത്തുന്ന പ്രവൃത്തികളാണിതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ അംഗങ്ങള്‍ ആരോപിച്ചു. ഇതിനെതിരെ സൈബര്‍ സെല്ലിനെ സമീപിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
 
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കനയ്യ കുമാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.