കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍.
വിഷയത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പുലര്‍ത്തിയ മൌനം ഞെട്ടിക്കുന്നതായിരുന്നു. ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ താനുമായി സഹപ്രവര്‍ത്തകര്‍ക്കുള്ള അടുപ്പത്തില്‍ വിള്ളല്‍ വീണേക്കാം. അക്കാര്യത്തില്‍ എനിക്ക് ആശങ്കയില്ലെന്നും കമല്‍ പറഞ്ഞു.
എന്റെ അടുത്ത സുഹൃത്തുമാണ് മോഹന്‍ലാല്‍, അതു പോലെ തന്നെ ഞങ്ങള്‍ താമസിക്കുന്നത് അടുത്തടുത്ത വീടുകളിലാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് നല്ലത് പറയും എന്ന് കരുതരുത്. എന്റെ കാഴ്‌ചപ്പാടുകളില്‍ അദ്ദേഹത്തിന് വിയോജിപ്പും ഇഷ്‌ടക്കേടും തോന്നാം. എന്റെ രാഷ്‌ട്രീയ നിലപാടിനെയും തള്ളിക്കളഞ്ഞേക്കാം. എന്നാല്‍ ഞാന്‍ മോഹന്‍ലാലിനെതിരെ തിരിയും എന്നതില്‍ അര്‍ഥമില്ലെന്നും കമല്‍ വ്യക്തമാക്കി.
ഒരിക്കല്‍ നമ്മുടെ രാജ്യം ഭരിച്ചിരുന്നത് വനിതാ പ്രധാനമന്ത്രിയായിരുന്നു. അവര്‍ക്ക് വീഴ്ചകള്‍ സംഭവിച്ചപ്പോള്‍ നമ്മള്‍ ചൂണ്ടിക്കാട്ടുകയും എതിര്‍ക്കുകയും ചെയ്‌തു. എന്നിട്ടും അവര്‍ അധികാരത്തിലെത്തി. സമൂഹം ആരെയും വെറുതെ വിടില്ല എന്നാണ് ഇതിലൂടെ വ്യക്തമായതെന്നും മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.