ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി അക്രമരഹിതമായ ആഘോഷമായിരുന്നു ത്രിപുരയില്‍ അഴിച്ചു വിട്ടത്. അതിന്റെ ബാക്കിയായി തമിഴ്നാട്ടിലെ ബിജെപിയും അക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു. ത്രിപുരയിലെ ലെനിന്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്ന് ആഹ്വാനം ഉണ്ടായി.
തമിഴ്‌നാട് ബിജെപി നേതാവായ എച്ച്. രാജയുടെ പ്രഖ്യാപനം തമിഴ്നാട്ടില്‍ ഏറെ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ രാജ ക്ഷമ പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍, പെരിയാറിനെതിരായ പരാമർശത്തിൽ രാജ ക്ഷമ പറഞ്ഞാൽ പോരെന്ന് നടനും മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസൻ.
നേരത്തേ രാജ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സത്യരാജ് രംഗത്തെത്തിയിരുന്നു. പെരിയാര്‍ എന്നത് തമിഴ്‌നാട്ടുകാര്‍ക്ക് ഒരു ശില മാത്രമല്ല, ഞങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന തത്വവും സിദ്ധാന്തവുമാണത് എന്നും പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കമല്‍ ഹാസന്‍ രാജയ്ക്കെതിരെ രംഗത്തെത്തിയത്.
രാജയ്ക്കെതിരെ നടപടി എടുത്താൽ മാത്രമേ ബി.ജെ.പിയുടെ ആത്മാർത്ഥത പ്രകടമാവുകയുള്ളൂ. പെരിയാറിന്റെ പ്രതിമകൾ സംരക്ഷിക്കാൻ തമിഴ്നാട്ടിലെ ജനങ്ങൾക്കറിയാമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. രാജയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയുടെ നേതൃത്വത്തിൽ ചെന്നൈ സെയ്ദാപേട്ടിൽ പ്രതിഷേധയോഗം നടത്തി.