പുതിയ സിനിമയായ 'തഗ് ലൈഫി'ന്റെ പ്രചരണാര്‍ത്ഥം ചെന്നൈയില്‍ നടത്തിയ പരിപാടിക്കിടെ പ്രസംഗിക്കുമ്പോഴാണ് കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് കമല്‍ഹാസന്റെ പരാമര്‍ശം. ' കന്നഡ ഭാഷയുടെ ജനനം തമിഴില്‍ നിന്നാണ്,' എന്ന് പ്രസംഗത്തിനിടെ കമല്‍ഹാസന്‍ പറഞ്ഞു. കന്നഡ നടന്‍ ശിവരാജ് കുമാര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ' ഉയിരേ ഉരവേ തമിഴെ' എന്നു പറഞ്ഞുകൊണ്ടാണ് കമല്‍ പ്രസംഗം ആരംഭിച്ചത്.
കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ജനിച്ചതെന്ന കമല്‍ഹാസന്റെ പരാമര്‍ശം സംസ്‌കാര ശൂന്യമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര യെഡിയൂരപ്പ ആരോപിച്ചു. കമല്‍ഹാസന്‍ കന്നഡിഗാസിനോടു (കര്‍ണാടകക്കാര്‍) നിരുപാധികം മാപ്പ് ചോദിക്കണം. ഒരു കലാകാരനു എല്ലാ ഭാഷകളെയും ബഹുമാനിക്കാനുള്ള സംസ്‌കാരം വേണമെന്നും കര്‍ണാടക ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഐക്യം കൊണ്ടുവരാന്‍ ഉത്തരവാദിത്തപ്പെട്ട കമല്‍ഹാസന്‍ തുടര്‍ച്ചയായി ഹിന്ദു മതത്തെ അപമാനിക്കുകയും വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇപ്പോള്‍ ഇതാ ആറര കോടി കന്നഡക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു. എത്രയും വേഗം കമല്‍ മാപ്പ് പറയണമെന്നും ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.