എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

രേണുക വേണു

ബുധന്‍, 22 ഒക്‌ടോബര്‍ 2025 (17:20 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ 
 
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം
 
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫീല്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും. ഇതിനുള്ള അനുമതി ജില്ലാ കലക്ടര്‍ക്കു നല്‍കി.
 
ഭൂരഹിത ഭവനരഹിത അതിദരിദ്ര കുടുംബങ്ങള്‍ക്ക് 50 ഫ്‌ളാറ്റുകള്‍
 
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി പ്രകാരമുള്ള ഭൂരഹിത ഭവനരഹിത പട്ടികയില്‍പ്പെട്ട ആലപ്പുഴ ജില്ലയിലെ 50 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് അനുവദിക്കും. 'പുനര്‍ഗേഹം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പുറക്കാട് മണ്ണുംപുറത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന ഫിഷറീസ് വകുപ്പിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിലെ 50 ഫ്‌ളാറ്റുകളാണ് നല്‍കുക. പുനര്‍ഗേഹം പദ്ധതി പ്രകാരം നിര്‍മ്മിച്ചതില്‍ അധികമുള്ള 50 ഫ്‌ളാറ്റുകളാണ് നല്‍കുന്നത്. 
 
ശമ്പള പരിഷ്‌ക്കരണം
 
കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് പതിനൊന്നാമത് ശമ്പള പരിഷ്‌ക്കരണം 01.07.2019 പ്രാബല്യത്തില്‍ നടപ്പിലാക്കും. പത്താം ശമ്പള പരിഷ്‌കരണ ഉത്തരവിന്റെ ഫലമായി ഉണ്ടായ അനോമലി പരിഹരിച്ച് റേഷ്യോ പ്രൊമോഷന്‍ അനുവദിക്കും. ശമ്പള പരിഷ്‌കരണത്തിലെ EPF എംപ്ലോയര്‍ വിഹിതം അടവാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുന്നതിനും അനുമതി നല്‍കി.
 
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെയും കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വ്യവസ്ഥകളോടെ പതിനൊന്നാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കും.
 
കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കും
 
കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപ്പോസല്‍ കിഫ്ബി ഫണ്ടിംഗിന് പരിഗണിക്കുന്നതിനു അനുമതി നല്‍കി. 
 
ഭേദഗതി
 
ഹൈക്കോടതി ജഡ്ജിമാരുടെ ക്യാമ്പ് ഓഫീസ് ഇനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും സര്‍വ്വീസിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള തുക പ്രതിപൂരണം ചെയ്യുന്നതിന് 01.09.2024-ലെ പൊതുഭരണ വകുപ്പ് ഉത്തരവില്‍ ഭേദഗതി വരുത്തും.
 
കാലാവധി ദീര്‍ഘിപ്പിച്ചു
 
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയില്‍ അനൂപ് അംബികയുടെ കരാര്‍ നിയമന കാലാവധി 11/07/2025 മുതല്‍ 1 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കി.
 
സാധൂകരിച്ചു
 
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ രജിസ്ട്രാറായി പുനര്‍ നിയമന വ്യവസ്ഥയില്‍ നിയമിതനായ എസ്.വി. ഉണ്ണികൃഷ്ണന്‍ നായരുടെ പുനര്‍ നിയമന കാലാവധി 10/07/2025 മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച നടപടി സാധൂകരിച്ചു.
 
ഭൂപരിധിയില്‍ ഇളവ്
 
തിരുവനന്തപുരം കിംസ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ലിമിറ്റഡിന്റെ കൈവശമുളള 6.48.760 ഹെക്ടര്‍ ഭൂമിയില്‍ ഭൂപരിധിയില്‍ അധികമുള്ള കടകംപള്ളി വില്ലേജിലെ 1.14.34 ഏക്കര്‍ ഭൂമിക്ക് കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൂപരിധിയില്‍ ഇളവ് അനുവദിക്കും.
 
ഡിഫന്‍സ് റിസേര്‍ച്ച് & ഡവലപ്പ്‌മെന്റ് ഓര്‍?ഗനൈസേഷന്‍ / നേവല്‍ ഫിസിക്കല്‍ & ഓഷ്യനോ?ഗ്രാഫിക് ലബോറട്ടറിക്ക് ഭൂമി
 
DRDO പ്രൊജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ട പ്രകാരം പൂവാര്‍ വില്ലേജിലും സമുദ്രതീര പുറമ്പോക്കിലും ഉള്‍പ്പെട്ട 2.7 ഏക്കര്‍ ഭൂമി ന്യായവിലയായ 2,50,14,449 രൂപ ഈടാക്കി ഡിഫന്‍സ് റിസേര്‍ച്ച് & ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ / നേവല്‍ ഫിസിക്കല്‍ & ഓഷ്യനോ?ഗ്രാഫിക് ലബോറട്ടറിക്ക് പര്യവേഷണത്തിന് പതിച്ചു നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍