വേടനെതിരെ പരാതി നല്‍കിയത് എന്ത് അടിസ്ഥാനത്തില്‍; ബി.ജെ.പി കൗണ്‍സിലറിന് സംസ്ഥാന നേതൃത്വത്തിന്റെ താക്കീത്

നിഹാരിക കെ.എസ്

ഞായര്‍, 25 മെയ് 2025 (09:15 IST)
റാപ്പർ വേടനെതിരെ പരാതി നലകിയ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിന് വിമർശനം. സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. മിനി കൃഷ്ണകുമാര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ആണ് പരാതി നല്‍കിയിരുന്നത്. പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി അറിയിച്ചത്.
 
എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎയ്ക്ക് പരാതി നല്‍കിയതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കൗണ്‍സിലറോട് ഉന്നയിച്ച ചോദ്യം. സംഭവം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇനി മുതല്‍ വേടന്‍ പ്രശ്‌നത്തില്‍ പരസ്യപ്രതികരണം നടത്തരുതെന്നും മിനി കൃഷ്ണകുമാറിന് സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയിട്ടുണ്ട്.
 
പാട്ടിലൂടെ വേടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നായിരുന്നു മിനിയുടെ ആരോപണം. വോയിസ് ഓഫ് വോയിസ്ലെസ് എന്ന ആല്‍ബത്തിലൂടെ മോദിയെ അധിക്ഷേപിച്ചെന്നാണ് മിനിയുടെ വാദം. മോദിയെ വേടന്‍ പാട്ടിലൂടെ കപട ദേശീയവാദിയെന്ന് വിളിച്ചതായും മിനി ആരോപിച്ചിരുന്നു.

എന്തുകൊണ്ടാണ് ജാതീയസങ്കല്‍പ്പങ്ങള്‍ പുതിയ രൂപത്തില്‍ ആള്‍ക്കാരിലേയ്ക്ക് കുത്തിവയ്ക്കുന്നതെന്ന് അന്വേഷിക്കേണ്ടത് എന്‍ഐഎയുടെ ചുമതലയാണ്. വേടനെതിരെ നിലവിലുള്ള കേസുകളും അന്വേഷിക്കണം. വേടന്റെ പശ്ചാത്തലവും അന്വേഷിക്കണം. താനൊരു ഇന്ത്യന്‍ പൗരനാണ്. മറ്റൊരു രാജ്യത്തും ഇതൊന്നും അനുവദിക്കില്ല. കേരളത്തില്‍ ഇത് പറഞ്ഞിട്ട് എന്തുകൊണ്ടാണ് പരാതിപ്പെടാന്‍ ഇത്ര വൈകിയതെന്ന് അറിയില്ലെന്നും മിനി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍