അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുളിന്റെ ആത്മഹത്യയില്‍ ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് മുന്‍ ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവ രംഗത്ത്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് കലിഖോ പുള്‍ 60 പേജ് വരുന്ന രഹസ്യകത്ത് എഴുതിയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ആ കത്ത് കാണ്മാനില്ലെന്നും രാജ്‌ഖോവ പറയുന്നു.
കലിഖോ പുള്‍ എഴുതിയ കത്തില്‍ നിരവധി രഹസ്യങ്ങള്‍ ഉണ്ടായിരുന്നു. കത്തിലുള്ള ആരോപണങ്ങളും വിവരങ്ങളും അടങ്ങുന്ന രഹസ്യരേഖ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുന്നതായിരുന്നു. കത്ത് മിക്കവാറും പൊലീസിന്റെ കൈയില്‍ എത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ ചിന്തകള്‍’ എന്ന പേരിലായിരുന്നു രഹസ്യകോപ്പി എഴുതിയിട്ടുള്ളത്. രേഖയുടെ നാല് കോപ്പികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, രഹസ്യരേഖ പൊലീസിന്റെ കൈയിലാണോ അതോ കോടതിക്ക് കൈമാറിയോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.