വാഹനാപകടത്തില്‍ പരുക്കേറ്റ് ചോരവാര്‍ന്ന് നടുറോഡില്‍ കിടക്കുന്ന യുവാവിന്റെ വീഡിയോ പകര്‍ത്തി നാട്ടുകാര്‍. അരമണിക്കൂറോളം സഹായം ലഭിക്കാതെ റോഡില്‍ കിടന്ന യുവാവിന് അവസാനം ഒരാൾ വെള്ളം നൽകി. ഒടുവിൽ ആശുപത്രിയിലെത്തിയപ്പോഴേക്കും അവൻ മരണത്തിനു കീഴടങ്ങിയിരുന്നു.
ബംഗളൂരുവിൽ നിന്ന് 380 കിലോമീറ്റർ അകലെയുള്ള കോപ്പലിലാണ് ദാരുണമായ ഈ സംഭവം നടന്നത്. സൈക്കിൾ യാത്രികനായ അൻവർ അലിയ്ക്കാണ് ദാരുണമായ അന്ത്യം ഉണ്ടായത്. അലി(18)യെ ബസ് ഇടിച്ച് വീഴ്ത്തുകയും നിലത്തുവീണ അലിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്യുകയാണുണ്ടായത്.
ഗുരുതരമായി പരിക്കേറ്റു പിടയുന്ന അലിയുടെ ഫോട്ടോയും വിഡിയോയും എടുക്കാൻ ധാരാളം പേർ തടിച്ചു കൂടിയിരുന്നു. വിഡിയോകളിൽ അവൻ സഹായത്തിന് അഭ്യർഥിക്കുന്നത് കാണാമായിരുന്നു. എന്നാൽ അവനെ സഹായിക്കാൻ ആരുമുണ്ടായില്ലെന്നും അലിയുടെ സഹോദരൻ റിയാസ് പറഞ്ഞു.