ശ്രീജീവിന്റെ മരണം; കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സർക്കാരിനെ അറിയിച്ചു

Webdunia
ശനി, 13 ജനുവരി 2018 (14:01 IST)
പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിൽ സിബിഐ. ഇക്കാര്യം സിബിഐ രേഖാ മൂലം സർക്കാരിനെ അറിയിച്ചതായി റിപ്പോർട്ട് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
 
ശ്രീജിവിന്റെ മരണം ആത്മഹത്യയല്ല, പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായി സമരം ചെയ്യുകയാണ്. സോഷ്യൽ മീഡിയകളിൽ ഒട്ടാകെ വൻ പ്രതിഷേധമാണ് സംഭവത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. 
 
കഴിഞ്ഞ ഡിസംബര്‍ 22നാണ് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയയ്ക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് നിലവില്‍ ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ രേഖാമൂലം അറിയിച്ചിരിക്കുന്നത്.  
 
2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം. എന്നാൽ, കൊലപാതകമാണെന്നായിരുന്നു കുടുംബം ആരോപിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article