മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവച്ചു

തിങ്കള്‍, 16 ഏപ്രില്‍ 2018 (21:53 IST)
മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ വലിയ വഴിത്തിരിവ്. കേസില്‍ വിധിപറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രാജിവച്ചു. എന്‍ഐഎ കേസുകളില്‍ വിധിപറയുന്ന പ്രത്യേക ജഡ്ജി കെ രവീന്ദര്‍ റെഡ്ഡിയാണ് രാജിവച്ചത്. 
 
വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് കാരണമായി വ്യക്തമാക്കിയിരിക്കുന്നത്. മക്ക മസ്ജിദ് സ്ഫോടന കേസിലെ വിധി പ്രസ്താവവുമായി തന്റെ രാജിക്കു ബന്ധമില്ലെന്നും രവീന്ദര്‍ റെഡ്ഡി അറിയിച്ചു. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരെയും കുറ്റവിമുക്തരാക്കി തിങ്കളാഴ്ചയാണ് ജഡ്ജി വിധി പറഞ്ഞത്. 
 
ഹൈദരാബാദിലെ മക്ക മസ്ജിദില്‍ 2007 മേയ് 18ന് നടന്ന സ്ഫോടനത്തില്‍ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. അമ്പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കേസില്‍ പ്രതികളുടെ കുറ്റം തെളിയിക്കാന്‍ എന്‍ഐഎയ്ക്കു സാധിച്ചില്ലെന്ന് വിലയിരുത്തിയാണ് അഞ്ചുപേരെയും കോടതി കുറ്റവിമുക്തരാക്കിയത്. കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ സ്വാമി അസീമാനന്ദും ഉള്‍പ്പെടുന്നു.  
 
ആയിരക്കണക്കിനുപേര്‍ പങ്കെടുത്ത പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ ഒരു ടിഫിന്‍ ബോക്‌സില്‍ ഒളിപ്പിച്ചുവച്ചിരുന്ന ബോംബാണ് പൊട്ടിയത്. സെല്‍ഫോണ്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍