ജഡ്ജി നിയമന വിവരങ്ങള്‍ പുറത്ത് വിട്ട സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു വീണ്ടും ആഞ്ഞടിക്കുന്നു. വെളിപ്പെടുത്തലുകള്‍ വസ്തുതാ വിരുദ്ധമാണെങ്കില്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ലഹോട്ടി വിശദീകരിക്കട്ടെയെന്ന് കട്ജു. തന്റെ അനുഭവങ്ങള്‍ എഴുത്തിന്റെ ഭാഗമായാണ് താന്‍ പുറത്ത് വിട്ടത്. ഫേസ്ബുക്കിലൂടെയാണ് കട്ജുവിന്റെ വിശദീകരണം.
മുന്‍ ചീഫ് ജസ്റ്റിസായ ലഹോട്ടിയോട് ആറു ചോദ്യങ്ങളും കട്ജു തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. മദ്രാസ് ഹൈക്കോടതി ജഡ്ജി എസ് അശോക് കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് ഇവ. അശോക് കുമാറിനെതിരെയുള്ള ഐബി റിപ്പോര്‍ട്ടും മറ്റും താന്‍ ലഹോട്ടിയെ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കാരായ ജഡ്ജിയെ മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 2004-ലെ യുപിഎ സര്‍ക്കാര്‍ ഈ ശിപാര്‍ശ മരവിപ്പിക്കുകയായിരുന്നുവെന്ന് കട്ജു ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയത് വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു. പാര്‍ലമെന്റ് സ്തംഭിക്കുന്നതിലേക്ക് വരെ വിവാദം വഴിതെളിച്ചു.