സൗദി അറേബ്യയില്‍ വിവിധ നിര്‍മ്മാണ കമ്പനികളിലെ പതിനായിരത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ കുടുങ്ങിയിരിക്കുന്നത്.ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും മാസശമ്പളം, കുടിശ്ശിക തുടങ്ങിയ ആനുകൂല്യങ്ങളുടെ കാര്യങ്ങൾ ഇപ്പോഴും അവ്യക്തതയിലാണ്. തങ്ങളെ വിമാനം കയറ്റി നാട്ടിലേക്ക് വിട്ടാല്‍ പോരെന്നും ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും സൗദി ഓജര്‍ ലേബര്‍ ക്യാമ്പിലെ ഇന്ത്യന്‍ തൊഴിലാളികള് ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി കമ്പനിയില്‍ ജോലിനോക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് റിയാല്‍ ശമ്പള ഇനത്തിലും മറ്റും ലഭിക്കാനുണ്ട്. അത് എപ്പോള്‍ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ആനുകൂല്യങ്ങൾ ലഭിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും പറയുന്നവർ ഉണ്ട്. കമ്പനിയില്‍നിന്ന് രാജിവെച്ചിട്ടും നാട്ടില്‍ പോകാതെ ആനുകൂല്യങ്ങള്‍ കിട്ടാന്‍വേണ്ടി കാത്തിരിക്കുന്ന തൊഴിലാളികൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.