തമിഴ്നാടിന് ഇത് നഷ്ടങ്ങളുടെ ഡിസംബർ; ജയലളിതയ്ക്ക് പിന്നാലെ ചോ രാമസ്വാമിയും

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2016 (08:12 IST)
തമിഴ്നാടിന് ഇത് തണുത്ത ഡിസംബറാണ്. തമിഴ്‌മക്കളുടെ 'അമ്മ'യെ മരണം കൂട്ടുവിളിച്ചതിന്റെ പിന്നാലെയാണ് രാഷ്ട്രീയ നിരീക്ഷകനും നടനും ആക്ഷേപ ഹാസ്യ സാഹിത്യകാരനുമായ ചോ രാമസ്വാമിയും പിൻവാങ്ങുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 4.40 ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
 
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ചോ രാമസ്വാമി. ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിൽ ഉപദേശകനായും ചോ ജോലി ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയുമായി ചോയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. രാഷ്ട്രീയ പ്രമുഖരുമായി അടുത്ത ബന്ധമായിരുന്നു ചോ രാമസ്വാമിയ്ക്ക് ഉണ്ടായിരുന്നത്.
 
തുഗ്ലക്ക് മാസികയുടെ സ്ഥാപകനും എഡിറ്ററുമായിരുന്നു രാമസ്വാമി. നടന്‍, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിഭാഷകന്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും വെന്നിക്കൊടി പാറിച്ച് വ്യക്തിയായിരുന്നു ശ്രീനിവാസ അയ്യര്‍ രാമസ്വാമി എന്ന ചോ രാമസ്വാമി. 89 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. നിര്‍ഭയമായി രാഷ് ട്രീയ നേതൃത്വത്തെ തന്റെ തൂലിക കൊണ്ട് വിമര്‍ശിച്ച വ്യക്തിയായിരുന്നു രാമസ്വാമി. 
 
ചെന്നൈ അപ്പോളോയില്‍ ജയലളിത വിടപറഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിനിടെയാണ് ചോയും യാത്രയാവുന്നത്.‌‌‌ 1999-2005 കാലയളവിലാണ് ചോ രാമസ്വാമി രാജ്യസഭാംഗമാവുന്നത്. 5 സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും അഞ്ചെണ്ണം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചോയുടെ വേർപാട് തമിഴ്നാടിന് തീരാനഷ്ടം തന്നെയാണ്.
Next Article