ജയലളിതയ്‌ക്ക് എന്താണ് സംഭവിച്ചത് ?; സ്‌റ്റാലിന്‍ പോര്‍ക്കളത്തില്‍
വ്യാഴം, 15 ഡിസംബര്‍ 2016 (17:55 IST)
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സന്നദ്ധ സംഘടന സുപ്രീംകോടതിയിൽ ഹർജി നല്‍കിയതിന് പിന്നാലെ ജയയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ട്രഷററും തമിഴ്നാട് നിയമസഭാ പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിൻ രംഗത്ത്.
ജയലളിതയുടെ മരണകാരണം എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും സംസ്‌ഥാന സർക്കാരിനും സ്റ്റാലിൻ കത്തയച്ചു. ജയയുടെ മരണം സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സ്റ്റാലിൻ വിഷയത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയത്.
അതേസമയം, ജയലളിതയുടെ മരണത്തില്‍ ഡിഎംകെ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു.
പനിയും നിര്‍ജ്ജലീകരണവും മൂല്ലം ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ജയലളിതയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയോ സന്ദർശകരെ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ആശുപത്രി പലതവണ പുറത്തുവിട്ടുകൊണ്ടിരുന്ന വാർത്താക്കുറിപ്പു മാത്രമായിരുന്നു ജയലളിതയുടെ നിലയെക്കുറിച്ച് അറിയാനുള്ള ഏക മാർഗം. ഇതുമായി ബന്ധപ്പെട്ട് ജയലളിതയുടെ മരണശേഷം നിരവധിപ്പേർ ആരോപണവുമായി രംഗത്തെത്തിയിരുന്നു.