അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയ്‌ക്ക് മോക്ഷം ലഭിക്കാന്‍ അര്‍ധസഹോദരന്‍ വരദരാജുവിന്റെ നേതൃത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തി. അയ്യങ്കാര്‍ രീതിയിലുള്ള മരണാനന്തര ചടങ്ങുകളാണ് കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിനടുത്തുള്ള പശ്ചിമവാനി എന്ന സ്ഥലത്തുവച്ച് ബന്ധുക്കള്‍ നടത്തിയത്.
മൃതദേഹം ദഹിപ്പിച്ചാല്‍ മാത്രമെ ജയലളിതയ്‌ക്ക് മോക്ഷം ലഭിക്കൂ. അടുത്ത അഞ്ച് ദിവസത്തേക്ക് ചടങ്ങുകള്‍ തുടരും. എന്തു കൊണ്ടാണ് തന്റെ സഹോദരിയെ ദഹിപ്പിക്കാതെ അടക്കം ചെയ്‌തതെന്ന് അറിയില്ല. ചടങ്ങുകളില്‍ നിന്ന് കുടുംബത്തെ അകറ്റി നിര്‍ത്തുകയായിരുന്നു. അയ്യങ്കാര്‍ രീതിയിലുള്ള മതപരമായ ചടങ്ങുകള്‍ നടത്താത്തതില്‍ കുടുംബക്കാര്‍ നിരാശയിലാണെന്നും വരദരാജു പറഞ്ഞു.
എന്റെ സഹോദരി ക്ഷേത്രത്തില്‍ പോകാത്ത ആളായിരുന്നുവോ. അവര്‍ ഒരു യുക്‍തിവാദിയായിരുന്നുവോ ?. ഹൈന്ദവാചാരം പാലിക്കാത്ത ആളായിരുന്നോ ..., എന്നിട്ടും അവളെ പാര്‍ട്ടി ഇങ്ങനെ സംസ്‌കരിച്ചത് എന്തിനാണെന്നെന്നും വരദരാജു ചോദിക്കുന്നു. ജയലളിതയുടെ ഭൗതികദേഹമെന്ന സങ്കല്‍പത്തില്‍ ഒരു മനുഷ്യരൂപം വച്ചാണ് പ്രധാനപൂജാരി രംഗനാഥ് അയ്യങ്കാരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നത്.