എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ സാമഗ്രികള്‍ പിടിച്ചെടുത്ത് ജയലളിതയുടെ ചിത്രം പതിക്കുന്നു

Webdunia
ശനി, 5 ഡിസം‌ബര്‍ 2015 (17:01 IST)
പ്രളയദുരന്തത്തില്‍ മുങ്ങിയ ചെന്നൈയിലേക്ക് കൂട്ടായ്മകളും സന്നദ്ധ സംഘടനകളും വ്യക്തികളും നകുന്ന ഭക്ഷണ പൊതികളില്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിക്കുന്നത് വന്‍ പ്രതിഷേധത്തിന് വഴിവെക്കുന്നു. ദുരിതാശ്വാസ സാമഗ്രികളിലും ഭക്ഷണ പൊതികളിലും വെള്ളക്കുപ്പികളിലും ജയലളിതയുടെ ചിത്രം അടങ്ങിയ പോസ്‌റ്റര്‍ എഐഎഡിഎംകെ പ്രവർത്തകർ ഒട്ടിക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

പ്രളയദുരന്തത്തില്‍ പകച്ചുപോയ എഐഎഡിഎംകെ സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വന്‍ പരാജയമാകുകയായിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കൂട്ടായ്മകളും സന്നദ്ധ സംഘടനകളും ഭക്ഷണങ്ങളടങ്ങിയ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍, സാമഗ്രികളിൽ ഐഎഡിഎംകെ പ്രവർത്തകർ പിടിച്ചെടുക്കുകയും അവര്‍ പറയുന്ന സ്ഥലങ്ങളിലേക്ക് വസ്‌തുക്കള്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ജയലളിതയുടെ ചിത്രം പതിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിഞ്ഞതോടെ ജനങ്ങള്‍ക്കിടയില്‍ സർക്കാരിനോടുള്ള അമർഷം ആളിപടർന്നിരിക്കുകയാണ്. 325 പേരുടെ ജീവനെടുത്ത ദുരിതപെയ്ത്തിൽ സഹായ ഹസ്തവുമായി നിരവധിപേരാണ് സ്വമേധയാ എത്തിയിരിക്കുന്നത്.