ആസൂത്രണ കമ്മീഷന് പകരം നിതി ആയോഗ് പ്രാബല്യത്തില്‍ വരുത്തിയ നരേന്ദ്ര മോഡി സര്‍ക്കാര്‍ പുതുതായി ഒരു മാറ്റം കൂടി കൊണ്ടുവരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവിഷ്‌കരിച്ച പഞ്ചവത്സര പദ്ധതിക്ക് പകരം മറ്റൊരു പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 15 വര്‍ഷം നീണ്ടു നില്ക്കുന്ന വീക്ഷണരേഖകള്‍ ആണ് പഞ്ചവത്സര പദ്ധതിക്ക് പകരമായി മോഡി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി 2017ല്‍ അവസാനിക്കും. അതിനു ശേഷമായിരിക്കും പഞ്ചവത്സര പദ്ധതിക്കു പകരമായി 15 വര്‍ഷം നീണ്ടു നില്ക്കുന്ന വീക്ഷണരേഖകള്‍ അവതരിപ്പിക്കുക.
‘ദേശീയ വികസന അജന്‍ഡ’യുടെ ഭാഗമായിട്ട് ആയിരിക്കും പുതിയ 15 വര്‍ഷ പദ്ധതി ആരംഭിക്കുക. 2017 - 18 ആരംഭിക്കുന്ന പദ്ധതിയില്‍ ആഭ്യന്തര സുരക്ഷയും പ്രതിരോധവുമായിരിക്കും പ്രധാനവിഷയം.
ആദ്യ പതിനഞ്ചു വര്‍ഷത്തേക്കുള്ള രേഖയില്‍ ദീര്‍ഘകാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള സ്കീമുകളും പരിപാടികളും ആയിരിക്കും ഉള്‍പ്പെടുത്തുക. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ദേശീയ വികസന അജന്‍ഡ പദ്ധതി പുനപരിശോധിക്കുന്നതായിരിക്കും.
1951ലാണ് ജവഹര്‍ലാല്‍ നെഹ്‌റു പഞ്ചവത്സര പദ്ധതി ആരംഭിച്ചത്. അതിനുശേഷം ഇതുവരെ രാജ്യത്ത് 12 പഞ്ചവത്സര പദ്ധതികള്‍ ഉണ്ടായിട്ടുണ്ട്.