ജസ്വന്ത്‌ സിംഗ്‌ ബിജെപിയിലേക്ക്‌

Webdunia
വെള്ളി, 23 മെയ് 2014 (11:29 IST)
ബിജെപിയിലേക്ക്‌ തിരിച്ചുപോകാന്‍ ജസ്വന്ത്‌ സിംഗ്‌ ഒരുങ്ങുന്നു. ഇക്കാര്യം സംസാരിക്കുന്നതിന്‌ ജസ്വന്ത്‌ സിംഗ്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍കെ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന നേതാവായ ജസ്വന്ത് സിംഗ് ബിജെപി വിട്ടത്.

രാജസ്ഥാനിലെ ജന്മദേശമായ ബാര്‍മറില്‍ മത്സരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 76കാരനായ അദ്ദേഹം തന്റെ അവസാന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാര്‍മറില്‍ നിന്ന് ജനവിധി തേടാന്‍ ആഗ്രഹിച്ചെങ്കിലും അത് നിഷേധിക്കപ്പെടുകയായിരുന്നു.

അപരന്‍മാരാണ് പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നതെന്നും പാര്‍ട്ടി തത്വശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ നുഴഞ്ഞുകയറി പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തിരിക്കുകയാണെന്നും കുറ്റപ്പെടുത്തിക്കൊണ്ടാണ് ജസ്വന്ത് സിംഗ് പാര്‍ട്ടീ വിട്ടത്. ഒറിജിനല്‍ ബിജെപിയും ഡ്യൂപ്ലിക്കേറ്റ് ബിജെപിയും തമ്മിലാണ് ഇപ്പോഴത്തെ മത്സരമെന്ന് വരെ അദ്ദേഹം ആരീപിച്ചിരുന്നു.