ആറു വര്‍ഷം ഭരണമുള്ള ജമ്മു കശ്മീരില്‍ അടുത്ത ജനുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭരണം പിടിക്കാനുള്ള നീക്കവുമായി ബിജെപി മുന്നോട്ട്. ഇതിനായുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് സംസ്ഥാനത്തേ ബിജെപി നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന പ്രകടനമാണ് ബിജെപിക്ക് അമിത പ്രതീക്ഷ നല്‍കുന്നത്.
കാശ്മീര്‍ ഭരണം ബിജെപി ഒറ്റക്ക് പിടിച്ചാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞതൊടെ അത് യാഥാര്‍ഥ്യമാകുമെന്നുള്ള ഉറച്ച പ്രവര്‍ത്തനമാണ് അണികള്‍ക്കിടയില്‍ ബിജെപി പ്രചരിപ്പിക്കുന്നത്.
ഇതിനിടെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും നിലപാട് ഫലത്തില്‍ പ്രയോജനം ചെയ്യുക ബിജെപിക്കാകും. നാഷണല്‍ കോണ്‍ഫറന്‍സ് തങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നും കാശ്മീരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആക്ഷേപമുണ്ട്.
നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് ബിജെപിക്ക് ഗുണകരമാകും. നിലവില്‍ 87 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന് 28 സീറ്റുകളാണ് ഉള്ളത്. 21 സീറ്റുള്ള പി ഡി പിക്ക് പിന്നിലായി 17 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ കൈവശം. 11 സീറ്റില്‍ നിന്നാണ് ബി ജെ പി കശ്മീരിന്റ ഭരണം പിടിക്കാമെന്ന് മോഹിക്കുന്നത്.