അനശ്വര ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന് ഭാരതന നൽകണം എന്ന് ആവശ്യപ്പെട്ട് പ്രധാനമനമന്ത്രിയ്ക്ക് കത്തയച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. എസ്‌പിബിയുടെ വിയോഗം ലോക സംഗീത കൂട്ടായ്മകൾക്ക് തന്നെ വലിയ നഷ്ടമാണെന്ന് ജഗൻ മോഹൻ റെഡ്ഡി കത്തിൽ പറയുന്നു.
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം ലോക സംഗീത മേഖലയില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. തെലുങ്കില്‍ മാത്രം നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ എസ്‌പിബി ആലപിച്ചിട്ടുണ്ട്. തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ചു. മികച്ച ഗായകനുളള ദേശീയ പുരസ്‌ക്കാരം ആറുതവണ എസ്.പി ബാലസുബ്രഹ്മണ്യം സ്വന്തമാക്കിയിട്ടുണ്ട്. തെലുങ്ക് സിനിമയിലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌ക്കാരം 25 തവണയാണ് അദ്ദേഹം നേടിയത്.
2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. സംഗീത മേഖലയിലെ പ്രാവീണ്യവും സംഭാവനയും കണക്കിലെടുത്ത് ലതാ മങ്കേഷ്‌ക്കര്‍, ഭൂപന്‍ ഹസാരിക, എം എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍, ഭീംസെന്‍ ജോഷി എന്നിവര്‍ക്ക് നേരത്തെ രാജ്യം ഭാരതരത്‌ന പുരസ്‌ക്കാരം നല്‍കിയിട്ടുണ്ട്. സംഗീതത്തിലെ സംഭാവനകൾ പരിഗണിച്ച് എസ്‌പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.