ബഹിരാകാശ മേഖലയില്‍ മംഗള്‍യാന്‍ വിജയത്തോടെ അനിഷേധ്യ ശക്തിയാണെന്ന് തെളിയിച്ച ഇന്ത്യന്‍ ബഹിരാകാശ സംഘടനയായ ഐഎസ്ആര്‍ഒ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ചരിത്രപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരന്‍ ബഹിരാകാശത്ത് ഇന്ത്യയില്‍ നിന്നു തന്നെ തദ്ദേശീയമായ പേടകത്തില്‍ ബഹിരാകാശത്തെത്തിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതി.
ഇതിനു മുന്നോടിയായുള്ള പേടകം (മൊഡ്യൂള്‍) ഡിസംബറില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ രാധാകൃഷ്ണന്‍ പറഞ്ഞു. മനുഷ്യനില്ല പേടകമായ ഇതിനെ ഡിസംബര്‍ പകുതിയോടെ വിക്ഷേപിക്കുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നത്. പേടകത്തിന് 3.6 ടണ്‍ ഭാരം വരും. ഈ ശ്രേണിയില്‍പ്പെട്ട പേടകത്തെ ബഹിരാകാശത്ത് എത്തിക്കണമെങ്കില്‍ ശക്തിയേറിയ വിക്ഷേപണവാഹനം ആവശ്യമാണ്. ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് വിക്ഷേപണ വാഹനം ഉപയോഗിച്ചായിരിക്കും വിക്ഷേപണം.
ഈ റോക്കറ്റിന്റെയും പരീക്ഷണമാണ് ഇന്ത്യ ഒരേദിവസം നടത്തുന്നത്. ബഹിരാകാശത്തു നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം പ്രവേശിക്കുമ്പോള്‍ വായുവുമായുള്ള ഘര്‍ഷണം മൂലം തീപിടിക്കാനുള്ള സാഹചര്യം മറികടക്കുകയാണ് ഐഎസ്ആര്‍ഒയുറ്റെ മുന്നിലുള്ള വെല്ലുവിളി. ഇതിനായി പാരച്യൂട്ട് ഘടിപ്പിച്ച വാഹനം ഉപയോഗിക്കാനാണ് തീരുമാനം. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് തിരിച്ച് ഭൂമിയിലേക്ക് സാവധാനം വാഹനത്തെ ഇറക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതിലൂടെ അന്തരീക്ഷ ഘര്‍ഷണം ഒഴിവാക്കാന്‍ കഴിയും. ദൗത്യത്തിനുശേഷം പേടകത്തെ കടലില്‍ ഇറക്കുകയാണ് ലക്ഷ്യം.
ഈ പരീക്ഷണ വിക്ഷേപണത്തോടൊപ്പം ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 16 ഡിസംബര്‍ നാലിന് വിക്ഷേപിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. പേടക പരീക്ഷണവും ജിഎസ്‌എല്‍വി റോക്കറ്റിന്റെ പരീക്ഷണവും കുറ്റമറ്റതായി നടന്നാല്‍ അടുത്ത പടിയായി ചന്ദ്രയാന്‍ രണ്ട്, രണ്ടാം ചൊവ്വാ ദൗത്യം, തുടര്‍ന്ന് മനുഷ്യനെ ബഹിരാകാശത്തെത്തിക്കല്‍ എന്നിവ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.