ചന്ദ്രയാൻ 2 പകർത്തിയ ചന്ദ്രന്റെ ആദ്യം ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ; അഭിമാനം

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (08:06 IST)
ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തു വിട്ടു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. അപ്പോളോ ഗര്‍ത്തവും, മെര്‍ ഓറിയന്റലും ചിത്രത്തില്‍ കാണാം. ചന്ദ്രന്റെ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 2 ഇപ്പോളുള്ളത്. ഓഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു.
 
ഇപ്പോള്‍ ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഓഗസ്റ്റ് 28, 30 സെപ്റ്റംബര്‍ ഒന്ന് തീയ്യതികളില്‍ വീണ്ടും ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം ക്രമീകരിച്ച് ചന്ദ്രോപരിതലത്തോട് അടുപ്പിക്കും. അന്തിമ ഭ്രമണപഥമായ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്റര്‍ വേര്‍പെടും. സെപ്റ്റംബര്‍ നാലിനാണ് ഇത് സംഭവിക്കുക. ഇതോടെ ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. സെപ്റ്റംബര്‍ ഏഴിന് രാത്രി 1.40ന് ചന്ദ്രനിലിറക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതി തയ്യാറാക്കയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article