ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയിലേക്കും വേരുകള്‍ പടര്‍ത്തുന്നു!

Webdunia
വെള്ളി, 7 നവം‌ബര്‍ 2014 (16:08 IST)
ഇറാഖിലും സിറിയയിലും ശക്തമായ ആക്രമണങ്ങള്‍ നടത്തി പശ്ചിമേഷ്യന്‍ മേഖലയുടെ ഭീഷണിയായി മാറിയ സുന്നി ഇസ്ലാമിക തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റ്( ഐ‌എസ്) തീവ്രവാദികള്‍ തങ്ങളുടെ വെരുകള്‍ ഇന്ത്യയിലേക്കും പടര്‍ത്താന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള തീവ്രവാദ സംഘടനകള്‍ വഴി ഇന്ത്യയില്‍ ആഭ്യന്തര യുദ്ധം ഉണ്ടാക്കാനാണ് ഐ‌എസ് ശ്രമിക്കുന്നത്.

തിവ്രവാദം വളര്‍ത്താന്‍ വിവിധ രാജ്യങ്ങളിലുള്ള ചെറുപ്പക്കാരോട് തങ്ങളുടെ രാജ്യത്ത് ആക്രമണങ്ങള്‍ക്കു പദ്ധതിയിടാന്‍ ഐഎസ് ആഹ്വാനം ചെയ്തിരുന്നു. ഐഎസിനോട് അനുഭാവമുള്ള യുവാക്കളെ വീഡിയോ ദൃശ്യങ്ങളിലൂടെ ബോധവത്കരിച്ച് ഐഎസ് പോരാളികളാക്കുകയാണ് ചെയ്യുന്നത്. അമേരിക്കക്കാരെയും ഇസ്രേലികളെയും തെരുവില്‍നിന്നു കണ്ടെത്തി അവരെ കുത്തിക്കൊല്ലണമെന്ന് യുവാക്കള്‍ക്കുള്ള നിര്‍ദേശം ഇന്റര്‍നെറ്റില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലാണ് ആക്രമണസാധ്യത. വിദേശരാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ കോണ്‍സുലേറ്റിനും എംബസികള്‍ക്കും നേര്‍ക്ക് ആക്രമണം നടത്താനാണു തീവ്രവാദികളുടെ നിക്കം. വിവരം മണത്തറിഞ്ഞതോടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിദേശരാജ്യങ്ങളുടെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കുമുള്ള സുരക്ഷ ശക്തമാക്കാന്‍ പോലീസ് സേനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീവ്രവാദ ഗ്രൂപ്പായ ഐഎസിന്റെ ഇന്റര്‍നെറ്റിലൂടെയുള്ള പ്രചാരണത്തില്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട നിരവധി വിദ്യാസമ്പന്നരായ ഇന്ത്യന്‍ ചെറുപ്പക്കാരെ ഉപയോഗിച്ച് ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് മത് തീവ്രവാദ സംഘടനകളുടെ ലക്ഷ്യം. ഇന്ത്യന്‍ മുജാഹിദ്ദീനും അല്‍ ക്വയ്ദയും ഒന്നുചേര്‍ന്ന് ഇന്ത്യയില്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തി യുവാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയുമാണ് സംഘടനയുടെ ലക്ഷ്യം. തുടര്‍ന്ന് ഇന്ത്യയില്‍ സിറിയയിലും ഇറാക്കിലും നടക്കുന്നതുപോലെ തുടര്‍ച്ചയായ ആക്രമണ പരമ്പരകള്‍ നടത്താനാണു തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നതെന്നു രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീരില്‍ ഐഎസ് പതാക കണ്ടെത്തിയതും റാഞ്ചിയിലെ ധന്‍ബാദില്‍ കഴിഞ്ഞദിവസം നടന്ന മുഹറം റാലിക്കിടെ ഐഎസ്‌ഐഎസ് പാക്കിസ്ഥാന്‍ എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തതും ഇന്ത്യയില്‍ ഐഎസ് ചുവടുറപ്പിക്കുന്നതിനു തെളിവായി കണക്കാക്കാം. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ഐഎസ് ചിഹ്നം ആലേഖനം ചെയ്ത ടീഷര്‍ട്ട് ധരിച്ച 25 യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.