ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക കത്തിച്ചു, ജമ്മുവില്‍ പ്രതിഷേധം, നിരോധനാജ്ഞ പ്രഖ്യാപിച്ചു

Webdunia
ബുധന്‍, 22 ജൂലൈ 2015 (12:40 IST)
ജമ്മു കശ്മീരില്‍ ഭീകര സംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക കത്തിച്ചതിനെതിരെ പ്രതിഷേധം. ജമ്മുവിലെ രജൌരി മേഖലയിലാണ് സംഭവം. വിശ്വഹിന്ദു പരിഷത്ത്‌ പ്രവര്‍ത്തകരാണ് രജൌരിയില്‍ ഐ‌എസിന്റെ പതാക കത്തിച്ചത്. വിഘടനവാദികളുടെ പ്രകടനങ്ങളില്‍ തുടര്‍ച്ചയായി ഐ‌എസിന്റെ പതാക ഉയര്‍ത്തുന്നത് വാര്‍ത്തകളായതിനു പിന്നാലെയാണ് വി‌എച്പി പ്രവര്‍ത്തകര്‍ ഐ‌എസ് പതാക പത്തിച്ചത്.

പതാക കത്തിച്ചു എന്ന വാര്‍ത്ത പരന്നതിനു പിന്നാലെ രജൗരി മേഖലയില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പതാകയില്‍ ഖുറാന്‍ വചനങ്ങള്‍ ഉണ്ടെന്നു ചൂണ്ടിക്കാണിച്ചാണ്‌ പ്രതിഷേധക്കാര്‍ രംഗത്തുവന്നത്‌. പ്രതിഷേധം അതിരു വിട്ടതൊടെ പ്രദേശത്ത് സൈന്യം ഫ്‌ളാഗ്‌ മാര്‍ച്ച്‌ നടത്തുകയും നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയും ചെയ്‌തു. പതാക കത്തിച്ചവരെ അറസ്‌റ്റു ചെയ്യണമെന്ന് കാട്ടി പ്രതിഷേധം ശക്തമാകുന്നതിനിടെ ആവശ്യം ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗ്‌ നിരാകരിച്ചു. ഭീകര സംഘടനയുടെ പതാകയാണ്‌ കത്തിച്ചത്‌. ഭീകരരുടെയും ദേശവിരുദ്ധതയുടെയും അടയാളങ്ങള്‍ നശിപ്പിക്കുന്നത്‌ ദേശസ്‌നേഹത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തങ്ങള്‍ ഐഎസ്‌ പതാക കത്തിച്ചുവെന്നും അതില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ എന്താണ്‌ എഴുതിയിരിക്കുന്നത്‌ എന്ന്‌ അറിയില്ല എന്നും വിഎച്ച്‌പി നേതാവ്‌ രമാകാന്ത്‌ ദുബെ പ്രതികരിച്ചു. തീവ്രവാദികളുടെ പതാകയില്‍ ഖുറാന്‍ വചനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കണമെന്നും ദൂബെ പ്രതികരിച്ചു.