ഇറാഖില്‍ യുദ്ധം ചെയ്യാന്‍ 6000 ഇന്ത്യക്കാര്‍ തയ്യാറാകുന്നു

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (12:56 IST)
ഇറാഖില്‍ സുന്നി ഭീകരവാദികളായ ഐഎസ്ഐഎസിനു വേണ്ടീ യുദ്ധം ചെയ്യാന്‍ 18 ഇന്ത്യക്കാര്‍ പോയി എന്ന വാര്‍ത്തകള്‍ക്കു പിന്നാലേ ഇറാഖിലെ ഷിയാ സമുദായത്തിനു വേണ്ടി  ഐഎസ്ഐഎസിന് എതിരെ യുദ്ധം ചെയ്യാന്‍ 6000 ഇന്ത്യക്കാ‍ര്‍ തയ്യാറായി നില്‍ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
 
6000 പേര്‍ ഇതിനകം വിസയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര്‍ ഇറാഖിലേക്ക് പോകാന്‍ ശ്രമിക്കുന്നതായും ഐബിയ്ക്ക് വിവരം കിട്ടിയിട്ടുണ്ട്. നജഫ്, കര്‍ബല എന്നിവിടങ്ങളിലെ ഷിയാ ആരാധാനാലങ്ങള്‍ സുന്നിവിഭാഗത്തില്‍ നിന്ന് സംരക്ഷിക്കാനാണ് ഇവര്‍ പോകുന്നതത്ര. 
 
മുംബൈയില്‍ നിന്ന് നാല് യുവാക്കള്‍ ഇതിനായി ഇറാഖിലേക്ക് തിരിച്ചതായി മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കാണാനിരിക്കുകയാണ് മാതാപിതാക്കള്‍. സംഭവത്തേ അതീവ ഗൌരവമായിട്ടാണ് വിദേശകാര്യ മന്ത്രാലയം കാണുന്നത്.
 
താനേ സ്വദേശികളായ രണ്ടുപേരും ഇറാഖില്‍ ഇതേ ആവശ്യത്തിനായി പോയതായും രഹസ്യാന്വേഷ്ണ ഏജന്‍സികള്‍ പറയുന്നു. പൂനെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള വിശദമായ അന്വേഷണത്തിനിടയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
 
18 ഓളം ഇന്ത്യാക്കാര്‍ ഇറാഖി ഭീകരവാദികളോടൊപ്പമുണ്ടെന്നാണ് കരുതുന്നത്. കൂടുതല്‍ പേരും ഇറാഖിലെത്തിയത് സിംഗപ്പൂര്‍ വഴിയാണെന്ന് കരുതുന്നു. ഇതില്‍ ബാംഗളൂരില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ളവരുണ്ട്. ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ ഉള്‍ നാടുകളില്‍ നിന്നുള്ളവരും ഈ സംഘത്തിലുണ്ട് .
 
ഇന്ത്യയില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായേക്കാമെന്നതിനാല്‍ അതേപ്പറ്റി ഏജന്‍സികല്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ തിരിച്ചെത്തി രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കാന്‍ സാദ്ധ്യതയുണ്ടെന്നുള്ളതാണ് അന്വേഷണ ഏജന്‍സികളെ വലയ്ക്കുന്ന പ്രധാന പ്രശ്നം