ബിബിസി ഡോക്യുമെൻ്ററി വിവാദത്തിൽ സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം തുടർന്ന് വാർത്താ വിതരണ മന്ത്രാലയം. ഡോക്യുമെൻ്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളെല്ലാം ഡിലീറ്റ് ചെയ്യപ്പെടുകയാണ്. നേരത്തെ ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ ശുപാർശയെ തുടർന്ന് ഡൊക്യുമെൻ്ററി നിരോധിച്ചിരുന്നു. ഐടി നിയമത്തിലെ അടിയന്തിര വകുപ്പ് പ്രയോഗത്തിനെതിരെ സുപ്രീം കോടതിയിലടക്കം ഹർജികൾ നിലനിൽക്കെയാണ് കേന്ദ്രത്തിൻ്റെ നീക്കം.
വിവാദമായ ബിബിസിയുടെ ഡോക്യുമെൻ്ററിയുടെ ലിങ്ക് നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബീനും കേന്ദ്രം നിർദേശം നൽകിയിരുന്നു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ ഇല്ലാതെയാക്കാൻ പുറത്തിറക്കിയതാണ് ഡോക്യുമെൻ്ററിയെന്ന് കേന്ദ്രസർക്കാർ ആരോപിക്കുന്നു. അതേസമയം ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച പുറത്തിറങ്ങും. അധികാരം നിലനിർത്താൻ മോദി സർക്കാർ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ പറ്റിയാണ് ബിബിസി ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗത്തിൽ പ്രതിപാദിക്കുന്നത്.