വിവാദമായ ഷീന ബോറ കൊലക്കേസില്‍ വഴിത്തിരിവ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സി ഇ ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയെ സഹോദരിയെ കൊന്ന കേസില്‍ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കൊല്ലപ്പെട്ട ഷീന ബോറ ഇന്ദ്രാണി മുഖര്‍ജിയുടെ സഹോദരിയല്ല മകളാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഓഗസ്റ്റ് 31 വരെ ഇന്ദ്രാണി മുഖര്‍ജിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഷീന ബോറയുടെ സഹോദരന്‍ മിഖൈല്‍ ബോറയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരി അല്ലെന്നും മകളാണെന്നും ആയിരുന്നു മിഖൈല്‍ ബോറയുടെ വെളിപ്പെടുത്തല്‍. ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെയാണ് മിഖൈല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സഹോദരിയെക്കുറിച്ച് താന്‍ നിരന്തരം അമ്മയോട് ചോദിക്കാറുണ്ടായിരുന്നു എന്നും എന്നാല്‍, സഹോദരി വിദേശത്താണെന്നും വളരെ തിരക്കിലായതിനാല്‍ സംസാരിക്കാന്‍ പോലും അവര്‍ക്ക് സമയമില്ലെന്നുമായിരുന്നു അമ്മയുടെ മറുപടിയെന്നും മിഖൈല്‍ മുഖര്‍ജി വെളിപ്പെടുത്തി.
അതേസമയം, ഷീന തന്റെ ഇളയ മകനുമായി പ്രണയത്തിലായിരുന്നെന്നും എന്നാല്‍ ഇന്ദ്രാണി ഈ ബന്ധം ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും പറഞ്ഞിരുന്നു.