ഭാര്യ വീട്ടുജോലിക്കാരനെ മര്‍ദ്ദിച്ചു, ന്യൂസിലന്‍ഡിലെ ഹൈക്കമ്മീഷണറെ ഇന്ത്യ തിരികെ വിളിച്ചു
ശനി, 27 ജൂണ്‍ 2015 (14:07 IST)
ഭാര്യ വീട്ടുജോലിക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് ന്യൂസിലന്‍ഡിലെ ഹൈക്കമ്മീഷണര്‍ രവി ഥാപ്പറിനെ ഇന്ത്യ തിരിച്ചു വിളിച്ചു. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഭാര്യയായ ശര്‍മിള ഥാപ്പര്‍ നിരന്തരമായി മര്‍ദ്ദിച്ചതില്‍ മനം നൊന്ത് ഇവരുടെ പാചകക്കാരന്‍ വീടുവിട്ട് ഇറങ്ങിപ്പോയിരുന്നു.
മെയ് മാസത്തിലാണ് പരാതിക്ക് ഇടയായ സംഭവം നടന്നത്. നിരത്തുകളിലൂടെ മാനസിക നില തെറ്റിയ നിലയില്‍ അലഞ്ഞ് നടക്കുകയായിരുന്ന പരാതിക്കാരനെ നാട്ടുകാരാണ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ പാചകക്കാരനാണെന്നും ഹൈക്കമ്മീഷണറുടെ ഭാര്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയത്.
ഇതിനിടെ മെയ് 10 ന് ഇയാളെ കാണാനില്ലെന്ന് കാട്ടി രവി ഥാപ്പര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡ് അധികൃതര്‍ ഇയാള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നും ഹൈക്കമ്മീഷണര്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇന്ത്യയെ അറിയിച്ചു. ഇതോടെ ഹൈക്കമ്മീഷണറെ ഇന്ത്യ തിരികെ വിളിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അതു വരെ ഥാപ്പറെ ഡല്‍ഹിയിലെ മന്ത്രാലയത്തിലേക്ക് മാറ്റി നിയമിച്ചതായും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അന്വേഷിക്കാന്‍ ന്യൂസിലന്‍ഡിലേക്ക് പ്രത്യേക സംഘത്തെ അയച്ചതായും ജോലിക്കാരന്റെ ആവശ്യപ്രകാരം അയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2013 ഡിസംബറിലാണ് ഥാപ്പര്‍ ന്യൂസിലന്‍ഡില്‍ ചുമതലയേല്‍ക്കുന്നത്.