ഇന്ത്യയുടെ പേര് മാറ്റണോ? സുപ്രീം കോടതിക്ക് സംശയം, മൌനം സമ്മതമാക്കി കേന്ദ്രസര്‍ക്കാര്‍

Webdunia
ശനി, 25 ഏപ്രില്‍ 2015 (16:39 IST)
ഇന്ത്യ എന്ന പേര് നമ്മുടെ രാജ്യത്തിന് നല്‍കിയത് വിദേശികളാണെന്ന് എല്ലാവര്‍ക്കും അറിയാം. നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ പേര് ഭാരതമെന്നാണെന്ന് പുരാണേതിഹാസങ്ങളും കാവ്യങ്ങളും കഥകളും എല്ലാം പറയുന്നു. അങ്ങനെയുള്ള ഭാരതത്തെ പിന്നെന്തിന് ഇന്ത്യ എന്ന് വിളിക്കണം? ഏതായാലും ഇക്കാര്യത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണമാവശ്യപ്പെട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സാമൂഹ്യപ്രവര്‍ത്തകനായ നിരഞ്ജന്‍ ഭട്‌വല്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളും അഭിപ്രായമറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇവിടം ഇന്ത്യയാണെന്നോ ഇവിടെ താമസിക്കുന്നവര്‍ ഇന്ത്യാക്കാരാണെന്നോ സാധൂകരിക്കുന്ന ചരിത്രപരമായ യാതൊരു തെളിവുകളും ഇല്ലെന്ന് ഹര്‍ജിയില്‍ നിരഞ്ജന്‍ ഭട്‌വല്‍ ചൂണ്ടിക്കാണിക്കുന്നു. വേദഗ്രന്ഥങ്ങളിലും ചരിത്ര പുസ്തകങ്ങളിലും ഭാരതമെന്നാണ് അറിയപ്പെട്ടിരുന്നത്. മുഗള്‍ഭരണകാലത്ത് ഒരിക്കലും ഇവിടം ഇന്ത്യയെന്ന് അറിയപ്പെട്ടിരുന്നില്ല. ബ്രട്ടീഷ് ഭരണകാലത്താണ് ഇന്ത്യയെന്ന പേരുണ്ടായതെന്നും നിരഞ്ജന്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തുവും ജസ്റ്റീസ് അരുണ്‍ മിശ്രയുമാണ് ഹര്‍ജി പരിഗണിക്കുന്നത്.

രാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കുന്ന അവസരത്തില്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കര്‍ ഇക്കാര്യത്തില്‍ ആശയപരമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഭാരതം എന്നുപയോഗിക്കണമെന്നായിരുന്നു അംബേദ്ക്കര്‍ വാദിച്ചത്. എന്നാല്‍ ഈ സംവാദം ഇന്നും കൃത്യമായ ഒരുത്തരം നല്‍കാതെ തുടരുകയാണെന്നും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഇന്ത്യയെന്നാല്‍ ഭാരതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും നിരഞ്ജന്‍ ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍ ഔദ്യോഗിക രേഖകളില്‍ ഇന്ത്യ എന്നുപയോഗിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരുകളെയും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കര്‍ണാടകയില്‍ നടന്ന ബിജെപി ദേശീയ നിര്‍വ്വഹക സമിതി യോഗത്തിലും പ്രമേയങ്ങളില്‍ ഇന്ത്യ എന്നതിനു പകരം ഭാരതം എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളും അവരുടെ മാധ്യമങ്ങളും ഇതേ രീതിയാണ് പിന്തുടരുന്നത്. അതിനാല്‍ പേര് ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്ന് സൂചനയുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article