ഞെട്ടരുത്... ഇന്ത്യക്കാരേക്കാള്‍ സന്തോഷം ഇറാഖികള്‍ക്കാണത്രേ...!
വെള്ളി, 24 ഏപ്രില്‍ 2015 (17:31 IST)
തീവ്രവാദം, സ്ഫോടനങ്ങള്‍, കൊലപാതകം, ആക്രമണങ്ങള്‍, ആഭ്യന്തര യുദ്ധം ... ഇറാഖ് എന്ന് പശ്ചിമേഷ്യന്‍ രാജ്യത്തിന്റെ ആകപ്പാടെയുള്ള നിലവിലെ മുഖമാണ്. എന്നാലോ യുദ്ധത്തിന്റെയും, ഭീകരവാദത്തിന്റെയും കെടുതികള്‍ അത്രയൊന്നും അനുഭവിക്കാത്ത ഇന്ത്യക്കാരേക്കാള്‍ ഇറാഖികള്‍ സന്തുഷ്ടരാണത്രേ...!. നുണ പറഞ്ഞതല്ല. സംഗതി സത്യമാണ്. യു എന്നിന്റെ കീഴിലുള്ള സസ്റ്റെയിനബിള്‍ ഡവലപ്‌മെന്റ് സൊലൂഷ്യന്‍സ് നെറ്റ്‌വര്‍ക്ക് ലോകത്തെ 158 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേപ്രകാരം തയ്യാറാക്കിയ ‘ലോക സന്തോഷ പട്ടിക’യിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ആഭ്യന്തര വളര്‍ച്ചക്കൊപ്പം ആയുര്‍ദൈര്‍ഘ്യം, തീരുമാനങ്ങളില്‍ എടുക്കുന്നതിലുള്ള സ്വാതന്ത്ര്യം, പരസ്പര വിശ്വാസം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഇതില്‍ ഇറാഖിന് പിന്നിലാണ് ഇന്ത്യ. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 117 ആണ്. അയല്‍രാജ്യങ്ങളായ പാകിസ്ഥാനും (81) ബംഗ്ലാദേശും (109) മാത്രമല്ല യുദ്ധക്കെടുതി അനുഭവിക്കുന്ന പലസ്തീന്‍, ഇറാഖ് എന്നീ രജ്യങ്ങളും പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം സ്വിറ്റ്സര്‍ലന്‍ഡിനാണുള്ളത്.
ഐസ്‌ലന്റ് ഡെന്‍മാര്‍ക്ക്, നോര്‍വേ, കാനഡ എന്നിവയിലാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ മറ്റ് രാജ്യങ്ങള്‍. പട്ടികയില്‍ 15-)ം സ്ഥാനമാണ് അമേരിക്കക്ക് ഉള്ളത്. ഇംഗ്ലണ്ടും സിംഗപ്പൂരും യഥാക്രമം 21 ഉം 24 ഉം സ്ഥാനങ്ങള്‍ നേടിയപ്പോള്‍ പട്ടികയിലെ 84-)ം സ്ഥാനത്താണ് ചൈന. സന്തോഷത്തിന്റെ കാര്യത്തില്‍ ചൈനക്ക് മുന്‍പിലാണ് ജപ്പാന്‍. 46-)ം സ്ഥാനമാണ് ജപ്പാന്‍ നേടിയത്.