രാജ്യത്ത് ഒരുദിവസം ബലാത്സംഗത്തിനിരയാകുന്നത് 100 സ്ത്രീകളാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി). കഴിഞ്ഞ ഒരുവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പീഡനക്കേസുകളില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന കണക്കുള്ളത്. കൂടാതെ രാജ്യത്ത് ദിവസവും സ്ത്രീകള്‍ക്ക് നേരെ 364ലൈംഗികാതിക്രമങ്ങളുമുണ്ടായി എന്നും റിപ്പോര്‍ട്ടിലുണ്ട്.
ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്ന അപഖ്യാതി രാജ്യത്തിന് നേരെ ഉയരുന്നതിനിടെയാണ് എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണ് 5,076 എണ്ണം. ഏറ്റവും കുറവ് ലക്ഷദ്വീപില്‍ ഒരെണ്ണം. രാജസ്ഥാന്‍ (3,759), ഉത്തര്‍ പ്രദേശ് (3,467), മഹാരാഷ്ട്ര (3,438), ഡല്‍ഹി (2,096) എന്നിവയാണ് മധ്യപ്രദേശിന് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. കേരളവും ഒട്ടും പിന്നിലല്ല, കേരളത്തില്‍ 1,347 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്താകെ 36,735 ബലാത്സംഗ കേസുകളാണ് 2014-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കുനേരേയുള്ള മറ്റ് ലൈംഗികാതിക്രമങ്ങളുടെ പട്ടികയില്‍പ്പെടുന്ന 1,32,939 കേസുകളാണ് 2014-ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിലും മധ്യപ്രദേശാണ് (15,170 കേസുകള്‍) ഒന്നാമത്. നാലുകേസുകളുള്ള ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. മഹാരാഷ്ട്ര (15,029), രാജസ്ഥാന്‍ (10,149), ആന്ധ്ര പ്രദേശ് (8,322), ഡല്‍ഹി (7,849), ബിഹാര്‍ (2,252) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.