ഇന്ത്യ- പാക് അതിര്‍ത്തിയില്‍ 110 കിലോമീറ്റര്‍ നീളമുള്ള മതില്‍ വരുന്നു

Webdunia
ബുധന്‍, 8 ഏപ്രില്‍ 2015 (17:39 IST)
ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ നിരന്തരമുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളും നുഴഞ്ഞുകയറ്റങ്ങളും പ്രതിരോധിക്കാന്‍  ഇന്ത്യ മതില്‍ പണിയാന്‍ തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ ജമ്മു- കത്വ പ്രവിശ്യയില്‍ 110 കിലോമീറ്റര്‍ വരുന്ന ഭാഗത്ത് 104 കൊടി രൂപ മുതല്‍മുടക്കി മതില്‍ നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കായി സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണമാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മതില്‍ നിര്‍മ്മിക്കാന്‍ 1600 ഏക്കര്‍ ഏറ്റെടുക്കേണ്ടതായി വരുമെന്നാണ് കനക്കാക്കുന്നത്. എന്നാല്‍ സാധാരനയില്‍ നിന്ന് മാറി അതിര്‍ത്തിയില്‍ നിന്ന് അല്‍പ്പം അകന്ന് സിറോ ലൈനില്‍ ആകും മതില്‍ നിര്‍മ്മിക്കുക. ഈ നീക്കത്തോട് പാകിസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനം. 10 മീറ്റര്‍ ഉയരമുള്ള മതിലാണ് ഇന്ത്യ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. കൂട്ടത്തില്‍ 80 ഔട്ട്പോസ്റ്റുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

മതില്‍ പൂര്‍ത്തിയാകുന്നതോടെ അതിര്‍ത്തിയില്‍ നിന്നുള്ള ഷെല്ലാക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കും തടയിടാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ജനങ്ങളെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഷെല്ലാക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുമെന്നാണ് ബി എസ് എഫും ഈ നീക്കത്തൊട് പ്രതികരിച്ചിരിക്കുന്നത്. ഏറെനാളായി ഈ നിര്‍ദ്ദേശം ബി എസ് എഫ് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ട്. ഇത് പ്രാവര്‍ത്തികമാകുന്നത് ഇപ്പോഴാണെന്നുമാത്രം. വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ കമ്പിവേലിയാണ് ഉപയോഗിക്കുന്നത്. ഇത് മറികടന്ന് നുഴഞ്ഞുകയറ്റം നടത്താന്‍ എളുപ്പമായതിനാലാണ് പുതിയ നീക്കം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.