ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ്‌വ്യവസ്ഥ; നൂറ് വർഷത്തിനിടെ ഇതാദ്യം!

ബുധന്‍, 21 ഡിസം‌ബര്‍ 2016 (11:22 IST)
ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്കു മുന്നിലുള്ളത്. ഫോറിൻ പോളിസി മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കു‌ന്നത്. നൂറ് വർഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് എന്നതും പ്രത്യേകതയാണ്.
 
മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ബ്രിട്ടനായിരുന്നു കഴിഞ്ഞ തവണ ഇന്ത്യയുടെ മുന്നിൽ. കഴിഞ്ഞ 25 വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയാണ് പുതിയ നേട്ടത്തിന് കാരണമായിരിക്കുന്നത്. ഇന്ത്യയുടെ അതിവേഗമുള്ള സാമ്പത്തിക വളർച്ച നേരത്തേ തന്നെ ആഗോളതലത്തിൽ വാർത്തയായിരുന്നു.
 
ഈ വര്‍ഷം ഫെബ്രുവരിയില്‍ ചൈനയെ മറികടന്ന്​ ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്​ വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചിരുന്നു. ഈ സ്ഥാനം ഉടൻ നഷ്​ടമാവില്ലെന്നും 2017 ൽ ജിഡിപിയിൽ 7.6 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതിനാൽ ഇന്ത്യ സ്ഥാനം നിലനിർത്തുമെന്നും അന്താരാഷ്​ട്ര നാണയ നിധിയും വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക