നിയന്ത്രണരേഖ മറികടന്ന് ഭീകരർ ഇനിയും ഇന്ത്യയിൽ കടന്നാൽ പാകിസ്ഥാനിൽ ഇനിയും മിന്നലാക്രമണം നടത്തുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യയെ ആക്രമിക്കുമെന്ന പാകിസ്ഥാന്റെ നിലപാട് മാറ്റിയില്ലെങ്കിൽ നിയന്ത്രണരേഖ ലംഘിക്കുന്നത് ശരിയല്ല എന്ന നിലപാട് ഇന്ത്യ മാറ്റുമെന്നും റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
കാർഗിൽ യുദ്ധ സമയത്തെ നിലപാടിൽ നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്. നിയന്ത്രണരേഖ മറികടന്ന് പാക് സൈനികരും ഭീകരരും ഇന്ത്യയിലേക്ക് കടന്ന് വന്നതാണ് കാർഗിൽ യുദ്ധത്തിന് കാരണമായത്. ഒടുവിൽ പാകിസ്ഥാന് നിയന്ത്രണ രേഖക്ക് പിന്നിലേക്ക് മാറേണ്ടിവന്നു. പക്ഷേ ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടുന്ന പരുപാടി മാത്രം പാകിസ്ഥാൻ നിർത്തിയില്ല.
ഈ സാഹചര്യം ഇനിയും തുടർന്നാൽ നിയന്ത്രണ രേഖ മറികടന്ന് മിന്നലാക്രമണം നടത്തരുതെന്ന നിലപാട് ഇന്ത്യ മാറ്റിയേക്കും. ഭാവിയിലും ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുമെന്ന് പാക്കിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു സെപ്തംബർ 28ന് ഇന്ത്യ നടത്തിയ മിന്നലാക്രമണം.