ഇമ്രാൻ ഖാൻ കുറ്റക്കാരന്‍; ഇന്ത്യയുടെ സൈനിക നടപടി ബിജെപിയുടെ നേട്ടമെന്ന് അമിത് ഷാ
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെ ബിജെപിയുടെ നേട്ടമാക്കി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ ആക്രമണം ബിജെപിയുടെ നേട്ടമാക്കി തീര്‍ത്തത്.
രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ കീഴിലുള്ള ബിജെപി സർക്കാരാണ്. പാകിസ്ഥാന് തിരിച്ചടി നല്‍കിയത് കോൺഗ്രസ് സർക്കാരല്ല മോദി സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉറിക്ക് മറുപടിയായി പാകിസ്ഥാന് നല്‍കിയത് സർജിക്കൽ സ്ട്രൈക്കാണ്. പുൽവാമയ്‌ക്ക് മറുപടിയായി നൽകിയത് എയർ സ്ട്രൈക്കാണ്. പുൽവാമ ഭീകരാക്രമണത്തിന് 12ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യ തിരിച്ചടിച്ചു. രാജ്യത്തിന്റെ സുരക്ഷയ്‌ക്കാണ് വലിയ പ്രാധാന്യമെന്നും അമിത് ഷാ പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ പാക് പ്രധനമന്ത്രി ഇമ്രാൻ ഖാൻ കുറ്റക്കാരനാണ്. പാകിസ്ഥാൻ എല്ലാ രാജ്യങ്ങളുടെ മുന്നിലും ഒറ്റപ്പെടുകയാണ്. പാകിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ നിരവധി ഭീകരരും ജെയ്ഷെ കമാൻഡർമാരും കൊല്ലപ്പെട്ടുവെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ വ്യക്തമാക്കി.