അഭിനന്ദ് നാലു മണിയോടെ ഇന്ത്യയിലെത്തും; സ്വീകരിക്കാനൊരുങ്ങി രാജ്യം - വാഗാ അതിര്‍ത്തിയില്‍ സുരക്ഷ അതിശക്തം
വെള്ളി, 1 മാര്‍ച്ച് 2019 (14:25 IST)
ന്യൂഡല്‍ഹി: വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വീകരിക്കാനൊരുങ്ങി രാജ്യം. വൈകുന്നേരം 4 മണിയോടെ വാഗ അതിർത്തിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമ സേനയുടെ ഗ്രൂപ്പ് കമൻഡന്റ് ജെഡി കുര്യനാവും അഭിനന്തിനെ ഇന്ത്യയിലേക്കു വരവേൽക്കുക.
പാക് സേനയുടെ പക്കൽ നിന്നും റെഡ് ക്രോസാവും ഇന്ത്യക്ക് അഭിനന്ദനെ കൈമാറുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അതിനു വിരുദ്ധമായി പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്കു നേരിട്ടായിരിക്കും അഭിനന്ദനെ കൈമാറുക.
വൻ സ്വീകരണമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. അഭിനന്ദിന്റെ മാതാപിതാക്കളും എത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും അഭിനന്ദനെ സ്വീകരിക്കാനെത്തും. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും സ്വീകരിക്കാനെത്തുമെന്നാണ് വിവരം.
27ആം തിയതിയാണ് പാക് പോർ വിമാനങ്ങൾ നിയന്ത്രണ രേഖയ്ക്കു സമീപം എത്തിയത്. അതിനെ നേരിടുന്നതിനിടെയാണ് അഭിനന്ദൻ അപകടത്തില്‍ പെട്ട് പാക് അധിനിവേശ കശ്മീരിൽ എത്തിയത്. ഗ്രാമീണരാണ് അഭിനന്ദിനെ പിടികൂടിയത്. പിന്നീടാണ് പാക് സൈന്യം കസ്റ്റഡിയിലെടുത്തത്.
അതേസമയം, അഭിനന്ദുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ഇന്നലെ യൂട്യൂബ് നീക്കം ചെയ്തു. 11 വീഡിയോ ലിങ്കുകളാണ് നീക്കം ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഐടി മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
വർധമാന്റെ മോചനത്തിനായി ഇന്ത്യ നയതത്ര നീക്കങ്ങൾ ശക്തമാക്കിയതോടെയാണ് സമാധാന സന്ദേശമായി വിട്ടയക്കാനുളള തീരുമാനം. പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനാപതി ഇസ്ലാമബാദിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തി പൈലറ്റിനെ വിട്ടുകിട്ടണമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിന് പാകിസ്ഥാൻ തയ്യാറായിരുന്നില്ല.
ഇന്ത്യയുമായി ചർച്ചയ്ക്കു തയ്യാറാണെന്നും, തെറ്റിധാരണയാണ് സംഘർഷത്തിനു കാരണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യകതമാക്കിയിരുന്നു. പുൽവാമ ആക്രമണമടക്കമുളള കാര്യങ്ങൾ ചർച്ചയാക്കണമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.