ഇന്ത്യയും അമേരിക്കയും രണ്ട് നിര്‍ണായക പ്രതിരോധ കരാറുകളില്‍ ഒപ്പുവച്ചു. അടുത്ത പത്ത് വർഷത്തേക്കുള്ള സഹകരണ കരാറിലാണ് പ്രതിരോധ മന്ത്രി മനോഹർ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്‌ടൺ കാർട്ടറും തമ്മിൽ ഒപ്പുവച്ചത്. 1260 കോടി രൂപയുടേതാണ് കരാര്‍.
ജൈവ, രാസ യുദ്ധങ്ങളില്‍ സൈനികര്‍ക്കുള്ള സംരക്ഷണ കവചം ഇരു രാജ്യങ്ങളും സംയുക്തമായി വികസിപ്പിക്കും. സൗരോര്‍ജ ജനറേറ്റര്‍ നിര്‍മാണമാണ് മറ്റൊന്ന്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന പുതുതലമുറ ജനറേറ്ററുകളാണ് സംയുക്ത സംരംഭമായി നിര്‍മിക്കുക. മൊബൈൽ ഇലക്ട്രിക് ഹൈബ്രിഡ് പവർ സോഴ്സുകൾ വികസിപ്പിക്കല്‍ എന്നിവയാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ സംയുക്ത പരിശീലനം നടത്തുന്നതിനും ധാരണയായി.
‘ജെറ്റ് എന്‍ജിന്‍, വിമാനവാഹിനി എന്നിവയുടെ സാങ്കേതിക കരാറില്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നും ഇതിനായി കഠിനമായി ശ്രമിക്കുകയാണെന്നും കാര്‍ട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേപ്പാളിൽ കാണാതായ യുഎസ് ഹെലികോപ്‌ടർ കണ്ടെത്തുന്നതിന് സഹായിച്ചതിന് കാർട്ടർ ഇന്ത്യയെ നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും കാർട്ടർ കൂടിക്കാഴ്ച നടത്തി.