സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയും പാകിസ്ഥാനും മധുരം നുണയില്ല

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2015 (15:55 IST)
ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയും പാകിസ്ഥാനും മധുരം നുണയില്ല.  അതിര്‍ത്തിയിലെ ഇന്ത്യ - പാകിസ്ഥാന്‍ സേനാംഗങ്ങള്‍ പരസ്പരം ആശംസയും മധുരവും കൈമാറില്ല.  പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായതാണ് ബി എസ് എഫ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായത്. വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് അതിര്‍ത്തി കടന്നുള്ള തീവ്രവാദി ആക്രമണവും ബി എസ് എഫിനെ മധുരം നല്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.
 
ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളുമായാണ് പാകിസ്ഥാന്‍ രാജ്യാന്തര അതിര്‍ത്തി പങ്കിടുന്നത്. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ബി എസ് എഫിനെയാണ് അതിര്‍ത്തി കാവലിന് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്.
 
1947 ഓഗസ്റ്റ് 14ന് പാകിസ്ഥാനും ഓഗസ്റ്റ് 15ന് ഇന്ത്യയും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഈ ദിവസം പഞ്ചാബിലെ അമൃത്‌സറിലെ അട്ടാരി - വാഗാ അതിര്‍ത്തില്‍ വെച്ച് ഇരുരാജ്യങ്ങളുടെ അതിര്‍ത്തി രക്ഷാസേനകളായ ബി എസ് എഫും പാക് റേഞ്ചേഴ്സും ആശംസയും മധുരവും പരസ്പരം കൈമാറിയിരുന്നു.
 
ജൂലൈയില്‍ ഈദ് ദിനാഘോഷത്തിന്റെ ഭാഗമായി ആശംസയും മധുരവും കൈമാറാന്‍ ബി എസ് എഫ് തീരുമാനിച്ചിരുന്നെങ്കിലും പാക് റേഞ്ചേഴ്സ് നിരസിച്ചിരുന്നു.