ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ ആറു ലക്ഷം രൂപയുടെ ഹാർലി ഡേവിഡ്സണുമായി യുവാവ് കടന്നു കളഞ്ഞ യുവാവ് ബൈക്കുമായി പൊങ്ങിയത് മുംബൈയിൽ. ബൈക്കുമായി മുങ്ങിയ ആള്‍ ചില്ലറക്കാരനല്ല. ഐഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ ആളും ഒഎൻജിസിയിലെ ജീവനക്കാരനുമായ ടി കിരണ്‍ എന്ന ആളാണ് സംഭവത്തില്‍ പിടിയിലായിരിക്കുന്നത്.
ഹാര്‍ളി ഡേവിഡ്സണിന്റെ സ്ട്രീറ്റ് 750 മോഡൽ തിരഞ്ഞെടുത്തശേഷം ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെ ഇയാള്‍ കടന്നുകളയുകയായിരുന്നു. ടെസ്റ്റ് ഡ്രൈവിനായി ഒരുജീവനക്കാരനെക്കൂടി ഇയാളുടെ കൂടെ അനുഗമിക്കാൻ കമ്പനി വിട്ടിരുന്നു. എന്നാല്‍ അയാളെ കബളിപ്പിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. മൊബൈൽ നമ്പരും ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പിയുമൊക്കെ ടെസ്റ്റ് ഡ്രൈവിന് എത്തിയപ്പോൾ ഇയാൾ നൽകിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഇതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. മൊബൈൽ ഫോൺ ട്രാക്കിങ് വഴിയാണ് ഇയാളെ പൊലീസ് കുടുക്കിയത്.