സര്‍വ്വകലാശാല കാമ്പസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതില്‍ മനംനൊന്ത് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രിക്കും വി സിക്കും എതിരെ കേസെടുത്തു. ഹൈദരാബാദ് സര്‍വ്വകലാശാല കാമ്പസില്‍ ആയിരുന്നു സംഭവം നടന്നത്. സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര തൊഴിൽ സഹമന്ത്രി ബന്ധാരു ദത്തത്രേയ, വൈസ് ചാൻസലർ അപ്പാ റാവു പോദിലെ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
ബി ജെ പി നേതാവിന്‍റെ പരാതിയിലാണ് ഹൈദരാബാദ് സര്‍വ്വകലാശാല അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തത്. ഇതില്‍പ്പെട്ട ഗവേഷക വിദ്യാര്‍ഥിയും ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയുമായ രോഹിതിനെ ആണ് ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. രോഹിത് എഴുതിയ ആത്മഹത്യ കുറിപ്പ് ഹോസ്റ്റലില്‍ നിന്നും കണ്ടെടുത്തു.
‘എന്‍റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്‍റെ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, അല്ലെങ്കില്‍ ഒരു വസ്തുവിലേക്ക്. എന്നാല്‍, ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല’ എന്നും രോഹിത് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
എ ബി വി പിയുടെയും ബി ജെ പി നേതൃത്വത്തിന്‍റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അംബേദ്കര്‍ സ്റ്റുഡന്‍റ് അസോസിയേഷന്‍ പ്രവര്‍ത്തകരായ അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ കാമ്പസില്‍ നിന്നും വി സി സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിരെ സര്‍വ്വകലാശാല കാമ്പസില്‍ ഒരാഴ്ചയിലധികമായി രാപകൽ സമരം നടത്തി വരികയായിരുന്നു.