തനിക്കും ഭര്‍ത്താവിനും പ്രത്യേക പരിഗണന ആവശ്യമില്ല

Webdunia
ശനി, 31 മെയ് 2014 (08:15 IST)
വിമാനത്താവളങ്ങളില്‍ തനിക്കും ഭര്‍ത്താവിനുമുള്ള പ്രത്യേക പരിഗണന പിന്‍വലിക്കാനാവശ്യപ്പെട്ട് പ്രിയങ്കാ വാദ്ര സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ക്ക് കത്തയച്ചു. താനും ഭര്‍ത്താവ് റോബര്‍ട് വാദ്രയും സാധാരണ ചാനലിലൂടെ പോകുമെന്ന അവര്‍ പറഞ്ഞു.
 
എന്നാല്‍ റോബര്‍ട് വാദ്രയുടെ പേര് വിഐപി ലിസ്റ്റില്‍ നിന്നു മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. സുരക്ഷയുടെ കാര്യങ്ങള്‍ സുരക്ഷാ ഏജന്‍സികളാണ് തീരുമാനിക്കേണ്ടത്. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കേണ്ടതല്ലെന്ന് കോണ്‍ഗ്രസ് വക്താവ് ശശി തരൂര്‍ എംപി പറഞ്ഞു. 
 
സുരക്ഷ നല്‍കുന്നതിനെ കുറിച്ചോ,​ പിന്‍വലിക്കുന്നതിനെ കുറിച്ചോ കോണ്‍ഗ്രസ് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റോബര്‍ട് വാദ്രയ്ക്ക് പ്രത്യേക ഇളവ് ആവശ്യമില്ലെന്ന് മുന്‍പും പലവട്ടം പ്രിയങ്ക വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പത്രപ്രവര്‍ത്തകയായ ബര്‍ഖാ ദത്ത് ട്വീറ്റ് ചെയ്തു.