നാശം വിതച്ച് ഹുദ് ഹുദ്; ഗ്രാമങ്ങൾ കടലെടുത്തു, മരണം അഞ്ചായി

Webdunia
ഞായര്‍, 12 ഒക്‌ടോബര്‍ 2014 (14:51 IST)
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ചു. വിശാഖപട്ടണത്തും വിസാഗിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇതുവരെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ആന്ധ്രയില്‍ മൂന്നു പേരും ഒഡീഷയില്‍ രണ്ടു പേരുമാണ് മരിച്ചത്.
നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

കാറ്റിന്റെ ശക്തി അടുത്ത ആറു മണിക്കൂര്‍ കൂടി നിലനില്‍ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനു ശേഷം വേഗത പകുതിയായി കുറയും. എന്നാല്‍ ബുനാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 195 - 205 കിമീ വേഗതയിലുള്ള കാറ്റില്‍ മരങ്ങള്‍ പിഴുതെറിയപ്പെട്ടു, വൈദ്യുത തൂണുകള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍, മൊബൈല്‍ ടവറുകള്‍ തുടങ്ങിയവ തകര്‍ന്നു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ ആന്ധ്രയിലെ രണ്ടു തീരദേശ ഗ്രാമങ്ങൾ കടലെടുത്തു. കൊടുങ്കാറ്റിന്റെ ശക്തിയിൽ കടലിൽ 30 മുതൽ 45 അടി വരെ തിരമാലകൾ ഉയർന്നു. ഇന്നു രാവിലെ 11.30നു വിശാഖപട്ടണത്ത് എത്തുമെന്നാണു നിഗമനം എന്നാല്‍ ഒരു മണിക്കൂറ് മുമ്പ് എത്തുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.