ഒഡീഷയില്‍ മകളെ കൊന്ന അച്ഛനും സഹോദരരും പൊലീസ് പിടിയിലായി. 19കാരിയായ മിനാടി ദലായിയാണ് കൊല്ലപ്പെട്ടത്.
ഗഞ്ചാം ജില്ലയിലെ ബഡപാങ്കലാബാദി ഗ്രാമത്തിലാണ് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കപ്പെട്ട നിലയില്‍ മിനാടിയുടെ ശരീരം പരിസരവാസികള്‍ കണ്ടെത്തിയത്.
സ്ഥലത്തെ ഒരു യുവാവുമായുള്ള മിനാടിയുടെ പ്രണയബന്ധമാണ് മിനാടിയെ കൊലപ്പെടുത്താന്‍ അച്ഛനേയും സഹോദരരേയും പ്രേരിപ്പിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ അച്ഛനായ സൂര്യ ദലായിയും മക്കളും ചേര്‍ന്ന് മിനാടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ മരത്തില്‍ കെട്ടിത്തൂക്കുകയുമായിരുന്നു എന്ന് തെളിഞ്ഞു. കേസിലുള്‍പ്പെട്ട 15ഉം 16ഉം വയസ്സ് പ്രായമുള്ള മിനാടിയുടെ സഹോദരര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി.
രണ്ടു മാസത്തിനിടയില്‍ ജില്ലയിലെ രണ്ടാമത്തെ അഭിമാനഹത്യയാണിത്. ഇതിനു മുന്‍പ് മെയ് 11 ന് രണ്ടു കമിതാക്കള്‍ ഇതേ ഗ്രാമത്തില്‍ കൊല്ലപ്പെട്ടിരുന്നു.