'ബാബറി പോലെ തകര്‍ക്കും'; ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാന്‍ കൊലവിളിയുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍

രേണുക വേണു

തിങ്കള്‍, 17 മാര്‍ച്ച് 2025 (10:11 IST)
Aurangzeb's tomb

മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി), ബജ്‌റംഗ് ദളും. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് ഔറസേബിന്റെ സ്മാരകം നിലകൊള്ളുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ഈ സ്മാരകം പൊളിച്ചുനീക്കണമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം. 
 
ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദുത്വ സംഘടനകള്‍ ഇന്ന് മഹാരാഷ്ട്രയില്‍ പ്രതിഷേധ സംഗമം നടത്തുന്നുണ്ട്. സ്മാരകം പൊളിച്ചു നീക്കിയില്ലെങ്കില്‍ ബാബറി മസ്ജിദ് പൊളിച്ചു നീക്കിയ പോലെ കര്‍സേവ നടത്തുമെന്നാണ് സംഘടനകളുടെ ഭീഷണി. പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ശവകുടീരം നിലകൊള്ളുന്ന മേഖലയില്‍ ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. 
 
പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ സംഘടനകള്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കും. ഒരു യൂണിറ്റ് എസ്ആര്‍പിഎഫ്, രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, 15 പൊലീസുകാര്‍ എന്നിവരെ പ്രദേശത്ത് വിന്യസിച്ചു. സന്ദര്‍ശക പരിശോധന ശക്തമാക്കി.
 
ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ബിജെപി മന്ത്രി നിതേഷ് റാണെ, മുന്‍ എംപി നവനീത് റാണ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റേത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍