ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ ബിയാസ് നദിയില്‍ കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളില്‍ നാലു പേരുടെ മൃതശരീരം കൂടി കണ്ടെടുത്തു. ഇതോടെ ജൂണ്‍ എട്ട് മുതല്‍ തുടരുന്ന തിരച്ചിലില്‍ കണ്ടെടുത്ത മൃതശരീരങ്ങളുടെ എണ്ണം പതിനാറായി.
മണാലിയിലേക്ക് പോകുകയായിരുന്ന 60 ഓളം വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘം ചിത്രങ്ങള്‍ പകര്‍ത്താനായി ബിയാസ് നദീതീരത്ത് ഇറങ്ങിയപ്പോഴാണ് അപകടത്തില്‍ പെട്ടത്. തൊട്ടടുത്തുള്ള ലാര്‍ഗി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതാണ് അപകട കാരണം. ഡാമില്‍ നിന്നുള്ള കുത്തൊഴുക്കില്‍ വിദ്യാര്‍ഥികള്‍ ഒലിച്ചുപോകുകയായിരുന്നു.
താലോട്ടില്‍ ബീയാസ് നദിയില്‍ പാറയില്‍ നിന്ന് ഫോട്ടോ പകര്‍ത്തുന്നതിനിടെയാണ് കുത്തി ഒലിച്ചുവന്ന വെള്ളത്തില്‍ ഇവര്‍ ഒഴുകിപ്പോയത്. മൂന്ന് പെണ്‍കുട്ടികളുടേതടക്കം ഒമ്പത് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.