അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സൂററ്റ് കോടതിയില്‍ ഹാജരായി.കള്ളന്‍മാര്‍ക്കെല്ലാം പേര് മോദിയാണെന്ന തന്റെ പരാമര്‍ശം തെറ്റാണെന്ന് കരുതുന്നില്ലെന്നായിരുന്നു രാഹുല്‍ കോടതിയില്‍ പറഞ്ഞത്. മോദിയുടെ കുടുംബപ്പേര് എല്ലാ കള്ളന്മാരും പങ്കിട്ടുവെന്നാണ് പറഞ്ഞത്. അതില്‍ എന്താണ് തെറ്റെന്നും രാഹുല്‍ ചോദിച്ചു. കേസിലെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
വരും ദിവസങ്ങളില്‍ കേസ് പരിഗണനക്കെടുമ്പോള്‍ രാഹുല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഇളവ് നല്‍കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍പ്പുന്നയിച്ചു. എന്നാല്‍ അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഡിസംബര്‍ 10 നാണ് ഹരജി കോടതി പരിഗണിക്കുക.
”എന്നെ നിശബ്ദനാക്കാന്‍ ആഗ്രഹിക്കുന്ന എന്റെ രാഷ്ട്രീയ എതിരാളികള്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ഹാജരാകാന്‍ ഞാന്‍ ഇന്ന് സൂറത്തിലാണ്. എന്നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇവിടെ ഒത്തുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി”യെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദിയെന്ന പേര്’ എന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരം. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ കോടതി കഴിഞ്ഞ മേയ് മാസത്തില്‍ രാഹുലിന് സമന്‍സ് അയച്ചിരുന്നു.