ഒബാമ കെയര്‍ ഇന്ത്യയിലേക്കും!

Webdunia
തിങ്കള്‍, 30 ജൂണ്‍ 2014 (16:15 IST)
യുഎസിലെ 'ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മാതൃകയില്‍ ഇന്ത്യയില്‍  ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്വര്‍ധന്‍.

അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്ന അവസരത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ മന്ത്രി പുറത്തുവിട്ടത്‍.

ചടങ്ങില്‍ അമേരിക്കയിലുള്ള ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്കു  ഇന്ത്യയില്‍ സേവനം ചെയ്യാന്‍ അവസരം നല്‍കുന്ന 'സ്വസ്ഥ് ഇന്ത്യ പോര്‍ട്ടല്‍ ഹര്‍ഷവര്‍ദ്ദന്‍ ഉദ്ഘാടനം ചെയ്തു. ഒബാമ കെയര്‍ പദ്ധതിയിലൂടെ അമേരിക്കയിലെ  കോടിക്കണക്കിനു സാധാരണക്കാര്‍ക്കു അപ്രാപ്യമായിരുന്ന ചികില്‍സ ഇവര്‍ക്ക്  ലഭ്യമാക്കാന്‍ യുഎസ് സര്‍ക്കാറിനു സാധിച്ചിരുന്നു.

ഇതിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവരുടെ അശുപത്രി ചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍ക്കാര്‍ സബ്സിഡിയുടെ സഹായത്തോടെ നല്‍കും. മരുന്ന് കമ്പനികള്‍ക്കുമേല്‍  അധികനികുതി ചുമത്തിയാണ് സര്‍ക്കാര്‍ സബ്സിഡിക്കാവശ്യമായ  പണം കണ്ടെത്തുന്നത്. നടപ്പാക്കപ്പെട്ടാല്‍ ഇത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് ആയിരിക്കും.