ഇന്ത്യാ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം തടയുമെന്ന ഭീഷണിയുമായി പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദ്ദിഖ് പട്ടേൽ. ഇരു ടീമുകളും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും സ്റ്റേഡിയം പാട്ടിധാർ അനാമത് ആന്തോളൻ സമിതി(പാസ്) പ്രവർത്തകർ വളയുമെന്നും ഹാർദ്ദിഖ് പട്ടേൽ പറഞ്ഞു.
പ്രവേശന ടിക്കറ്റുകൾ വിറ്റു തീരാതീര്ന്നിട്ടില്ലെന്നും ടിക്കറ്റ് വിതരണം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ നിർത്തിവെച്ചിരിക്കുകയാണെന്നും ഹാർദ്ദിഖ് ആരോപിച്ചു.
ഇത് പട്ടേൽ വിഭാഗക്കാർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാതിരിക്കുന്നതിനാണ് ബിജെപി പ്രവർത്തകർക്കു മാത്രമാണ് എസ്കെഎ ടിക്കറ്റുകൾ നൽകിയിരിക്കുന്നതെന്നും ടിക്കറ്റ് വില്പനയുടെ വിശദാംശങ്ങൾ എസ്.കെ.എ വ്യക്തമാക്കണമെന്നും ഹാർദ്ദിഖ് ആവശ്യപ്പെട്ടു.
സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് മത്സരം. ഹാർദ്ദിഖിന്റെ ഭീഷണിയെ തുടർന്ന് ഗുജറാത്ത് പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിപുലമാക്കിവരികയാണ്.