കശ്‌മീരിലെ യുദ്ധമേഖലയായ സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായി, തിരിച്ചു കിട്ടിയ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില കോമയിലാണെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായി ആറുദിവസങ്ങള്‍ക്ക് ശേഷമാണ് മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തിയത്. രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്ന്നിരിക്കുന്ന അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ, അദ്ദേഹത്തിന്റെ വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലാണ്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ഹനുമന്തപ്പയുടെ കുടുംബാംഗങ്ങള്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. അഞ്ചു കുടുംബാംഗങ്ങള്‍ ആണ് ഡല്‍ഹിയിലേക്ക് പോകുന്നത്. കഴിഞ്ഞദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹനുമന്തപ്പയെ പ്രവേശിപ്പിച്ചിരിക്കുന്ന ആര്‍ ആര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം നല്ലതിനായി മാത്രം പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാമെന്നും പറഞ്ഞു.